Tuesday 4 February 2014

ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് 28 വയസ്സ്


കാല്‍പന്തുകളിയുടെ രാജകുമാരന് ഇന്ന് ഇരുപത്തി എട്ടാം പിറന്നാള്‍. 2013 ലെ മികച്ച ഫുട്ബോളര്‍ക്കുള്ള ഫിഫയുടെ ബാലന്‍ ഡി ഓര്‍ പുരസ്കാരവും കൈക്കലാക്കി ലോക ഫുട്ബോളിന്റെ തലപ്പത്ത് നില്‍കുന്ന ക്രിസ്ത്യാനോ ജനിച്ചത്‌ 1985 ഫെബ്രുവരി 5 ന് പോര്‍ച്ചുഗലിലെ സാന്റോ അന്റൊനിയായിലാണ്. അക്കാലത്തെ അമേരിക്കന്‍ പ്രസിഡണ്ട്‌ ആയിരുന്ന റൊണാള്‍ഡ് റീഗന്‍ ആയിരുന്നു ക്രിസ്ത്യാനോയുടെ പിതാവിന്റെ ഇഷ്ട നടന്‍. അങ്ങനെ ആണ് റൊണാള്‍ഡോ എന്ന പേര് ക്രിസ്യാനോയ്ക്കൊപ്പം ചേരുന്നത്. ദാരിദ്ര്യത്തില്‍ ആയിരുന്ന കുട്ടിക്കാലത്ത് തന്നെ കൊച്ചു ക്രിസ്ത്യാനോയുടെ കമ്പം കാല്പന്തിനോടായിരുന്നു. അങ്ങനെയാണ് അവന്‍ സ്പോര്‍ടിംഗ് ലിസ്ബണില്‍ ചേരുന്നത്.
ലിസ്ബനിലായിരിക്കുമ്പോള്‍ ക്രിസ്റ്യാനോയ്ക്ക് ഹൃദയ സംബന്ധിയായ ഒരു അസുഖം സ്പോര്‍ടിംഗ് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടു. എന്നാല്‍ ക്രിസ്ത്യാനോയുടെ പതറാത്ത മനസിന്‌ മുന്നില്‍ രോഗം പത്തി മടക്കി. 2003 ലാണ് ക്രിസ്ത്യാനോയുടെ ഭാവി തന്നെ മാറ്റിമറിച്ച ആ സംഭവം നടന്നത്. ലിസ്ബണില്‍ വെച്ച് സ്പോര്‍ടിങ്ങും പ്രമുഖ ഇംഗ്ലീഷ് ടീം ആയ മാന്‍ചെസ്റ്റര്‍ യുണൈറ്റഡും തമ്മില്‍ ഒരു മത്സരം നടന്നു. മത്സരത്തില്‍ ഇംഗ്ലീഷ് ടീമിനെ 3-1 എന്ന സ്കോറിന് സ്പോര്‍ടിംഗ് പരാജയപ്പെടുത്തി. കളിയില്‍ ക്രിസ്ത്യാനോയുടെ പ്രകടനം മാന്‍ചെസ്റ്റര്‍ ടീം അംഗങ്ങളുടെ പോലും പ്രശംസയ്ക്ക് പാത്രമായി. അങ്ങനെയാണ് അലക്സ്‌ ഫെര്‍ഗൂസന്‍ എന്ന തന്ത്രശാലിയുടെ സുരക്ഷിതമായ കരങ്ങളിലേയ്ക്ക് ക്രിസ്ത്യാനോ ചെന്നെത്തുന്നത്.
മാന്‍ചെസ്റ്ററില്‍ എത്തിയ റൊണാള്‍ഡോയോട് ഏതു നമ്പര്‍ ജേഴ്സി വേണമെന്ന് കോച്ച് ഫെര്‍ഗൂസന്‍ ചോദിച്ചു. സ്പോര്‍ടിംഗില്‍ ഉപയോഗിച്ചിരുന്ന ഇരുപത്തി എട്ടാം നമ്പര്‍ തന്നെ മതി എന്നായിരുന്നു ക്രിസ്ത്യാനോയുടെ തീരുമാനം. എന്നാല്‍ ഫെര്‍ഗൂസന്‍ അവനു കണ്ടു വെച്ചത് പ്രശസ്തമായ ഏഴാം നമ്പര്‍ ജേഴ്സി ആയിരുന്നു. ആ വലിയ തീരുമാനം അങ്ങനെ ചരിത്രത്തിന്റെ തന്നെ ഭാഗമായി. ഇന്ന് CR7 എന്നത് കാല്പന്തുകളിയോളം ജനങ്ങള്‍ നെഞ്ചിലേറ്റുന്ന ഒരു ചിഹ്നമായി മാറിയിരിക്കുന്നു. അതിനു ശേഷം സംഭവിച്ചത് ചരിത്രമായിരുന്നു. ലോകത്താകമാനമുള്ള ഫുട്ബോള്‍ പ്രേമികളുടെ മനം കവര്‍ന്നു കൊണ്ട് ക്രിസ്ത്യാനോ വളര്‍ന്നു. ക്ലബ് ഫുട്ബോളില്‍ 552 മത്സരങ്ങളില്‍ നിന്ന് 356 ഗോളുകള്‍. പോര്‍ച്ചുഗലിനു വേണ്ടി 107 മത്സരങ്ങളില്‍ നിന്ന് 49 ഗോളുകള്‍. 3 പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍. UEFA ച്യാംപ്യന്‍സ് ലീഗ് കിരീടം, ഫിഫ ക്ലബ് വേള്‍ഡ് കപ്പ്‌ കിരീടം, സ്പാനിഷ് ലീഗ് കിരീടം. പോര്‍ച്ചുഗലിനു വേണ്ടി 2006 ലോകക്കപ്പില്‍ നാലാം സ്ഥാനം. 2 ബാലന്‍ ഡി ഓര്‍ പുരസ്കാരങ്ങള്‍. ഇന്ന് ലോക ഫുട്ബോളിലെ മുടിചൂടാ മന്നനാണ്‌ ഈ ഇരുപത്തെട്ടുകാരന്‍.
റിക്കാര്‍ഡ് പുസ്തകം തുറന്നാല്‍ പിന്നെ പറയേണ്ട കാര്യമില്ല. ചരിത്രത്തിലെ ഏറ്റവും വിലയേറിയ ഫുട്ബോള്‍ താരം, 2 ലീഗുകളില്‍ നിന്നായി യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ കരസ്ഥമാക്കുന്ന ഏക താരം, തുടര്‍ച്ചയായി ഏറ്റവുമധികം ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ ഗോള്‍ നേടിയ താരം, ലാ ലിഗയില്‍ ഏറ്റവും വേഗത്തില്‍ 150 ഗോളുകള്‍ പിന്നിട്ട താരം, പോര്‍ച്ചുഗലിനു വേണ്ടി ഏറ്റവുമധികം ഗോളുകള്‍ നേടിയ താരം, സ്പാനിഷ്‌ ലീഗില്‍ ഒരു സീസണില്‍ ഏറ്റവുമധികം ഹാട്രിക്ക് നേടിയ താരം…. ഈ ലിസ്റ്റ് അവസാനിക്കുന്നേയില്ല.
ക്രിസ്ത്യാനോ റൊണാള്‍ഡോ എന്ന ഈ പ്രതിഭാശാലിയുടെ കാലുകളില്‍ പന്ത് എത്തുമ്പോള്‍ ലോകം ഒരു നിമിഷം നിശബ്ദമാകും. ആ മെയ്വയക്കത്ത്തിനു മുന്നില്‍ എതിരാളികള്‍ നിഷ്പ്രഭാരാകും. ക്രിസ്ത്യാനോ റൊണാള്‍ഡോ ഇന്നൊരു വികാരമാണ്. കാല്‍പന്തുകളിയെ സ്നേഹിക്കുന്ന ഏവരും നെഞ്ചിലേറ്റി ലാളിക്കുന്ന വികാരം. പോര്‍ച്ചുഗലിന്റെ കുപ്പായത്തില്‍ ഇനി ഒരു ലോകക്കപ്പ് കിരീടം ക്രിസ്ത്യാനോ ചുണ്ടോടടുപ്പിക്കുന്നത് കൂടി കാത്തിരിക്കുകയാണ് ആരാധകര്‍. അത് എത്രയും വേഗം സംഭവിക്കട്ടെ. ഇനിയും ഒരുപാട് അവിസ്മരണീയമായ ഗോളുകള്‍ ആ കാല്പാദങ്ങളില്‍ നിന്നും ജന്മം കൊള്ളട്ടെ.



No comments:

Post a Comment