Tuesday 4 February 2014

ഫെയ്സ്ബുക്കിന് പത്താം പിറന്നാള്‍




03

ഫെയ്സ്ബുക്ക്‌ ഇല്ലാത്ത ഒരു ലോകത്തെ പറ്റി ചിന്തിക്കാനാവുമോ? നമ്മില്‍ പലരും ഉണരുന്നത് തന്നെ ഫെയ്സ്ബുക്കിന് മുന്നിലെയ്ക്കാണ്. നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയ ഈ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് കൂട്ടായ്മയ്ക്ക് ഇന്ന് 10 വയസ്സ് തികയുന്നു. ഹാവാര്‍ഡിലെ ഒരു ചെറിയ മുറിയില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 2004 ഫെബ്രുവരി നാലാം തീയതി ആണ് ഫെയ്സ്ബുക്ക് പിറവി കൊള്ളുന്നത്‌. ലോകത്തെ കൂടുതല്‍ വിശാലവും പരസ്പര ബന്ധിതവും ആക്കുക എന്നതാണ് ഫെയ്സ്ബുക്കിന്റെ ലക്ഷ്യം എന്ന് ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കന്‍ബെര്‍ഗ് പല തവണ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നത്തെ സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഫെയ്സ്ബുക്ക് അതിന്റെ ദൌത്യം ശരിയായി തന്നെ നിറവേറ്റി എന്ന് നിസംശയം പറയാം.
mark
പത്തു വര്ഷം കൊണ്ട് 1.23 ബില്ല്യന്‍ ആളുകളാണ് ഫെയ്സ്ബുക്കില്‍ അംഗത്വം എടുത്തിട്ടുള്ളത്. ഏതാണ്ട് ഇന്ത്യയുടെ ജനസംഖ്യയോളം വരും ഇത്. ഇന്‍റര്‍നെറ്റില്‍ ആളുകള്‍ ആകെ ചിലവഴിക്കുന്നതിന്റെ 20 ശതമാനം ഫെയ്സ്ബുക്കിനു വേണ്ടി ആണെന്നാണ്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഗൂഗിള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം പരസ്യങ്ങള്‍ വരുന്നതും ഫെയ്സ്ബുക്കില്‍ തന്നെ. മലയാളികളെ സംബന്ധിച്ചിടത്തോളം ഫെയ്സ്ബുക്ക് ഒരു വലിയ അനുഗ്രഹം തന്നെയാണ്. ലോകത്തിന്റെ എല്ലാ കോണുകലിലേയ്ക്കും ജോലി തേടി ചിതരിക്കപ്പെട്ടിട്ടുള്ള വേറെ ഒരു ജനവിഭാഗവും ഉണ്ടാവില്ല. അകലെ ആയിരിക്കുമ്പോഴും പ്രിയപ്പെട്ടവരെയും സുഹൃത്തുക്കളെയും കാണാനും സംസാരിക്കാനും ഫെയ്സ്ബുക്ക് തന്നെയാണ് എല്ലാവരുടെയും ആശ്രയം.
മലയാളിയെ സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചത് ഓര്‍ക്കുട്ട് ആണെങ്കില്‍ അത് ജീവിതത്തിലെ പ്രധാന ഭാഗമാക്കി മാറ്റിയത് ഫെയ്സ്ബുക്ക് ആണ്. അതുകൊണ്ട് തന്നെയാണ് ഫെയ്സ്ബുക്ക് പ്രവര്‍ത്തനം നിര്‍ത്തുന്നു എന്നൊക്കെയുള്ള വ്യാജ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഇന്ത്യ പാക്കിസ്ഥാനോട് ക്രിക്കറ്റ് കളി തോല്‍ക്കുമ്പോള്‍ എന്നപോലെ നാം ആകുലരാകുന്നത്. ഫെയ്സ്ബുക്ക് ഇനിയും നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ട് വളര്‍ച്ചയുടെ പടവുകള്‍ കയറട്ടെ. ഏറെ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ടെങ്കിലും സൗഹൃദങ്ങള്‍ കണ്ണി മുറിയാതെ കാക്കുക എന്ന വലിയ നേട്ടത്തിന് മുന്നില്‍ അതെല്ലാം പഴങ്കഥകളായി മാറുന്നു. ഉറ്റ സുഹൃത്തിന്റെ ജന്മദിനം കൊണ്ടാടുന്നപോലെ നമ്മുക്കും ആഘോഷിക്കാം. ഇനിയും സൌഹൃദങ്ങള്‍ക്ക് തണലും താങ്ങുമായി ഫെയ്സ്ബുക്ക് നമ്മുടെ കൂടെ ഉണ്ടാവട്ടെ.

ഈ ലേഖനം ബൂലോകത്തില്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:

Post a Comment