Monday 10 February 2014

ഖാന്‍ അക്കാദമി: അറിയേണ്ടതെല്ലാം

khan academy
നമ്മളില്‍ ചിലര്‍ക്കെങ്കിലും സുപരിചിതമായ ഒരു പേര് ആയിരിക്കും ഖാന്‍ അക്കാദമി എന്നത്. ഈ വെബ്‌സൈറ്റിന്റെ സേവനങ്ങള്‍ പലരും ഉപയോഗപ്പെടുത്തുന്നുണ്ടാവും. എന്നാല്‍, ഖാന്‍ അക്കാദമി എന്ന മഹത്തായ സംരംഭത്തെ പറ്റി കേട്ടിട്ടുപോലും ഇല്ലാത്തവരും നമ്മുടെ ഇടയില്‍ ഉണ്ടാവും. അവര്‍ക്ക് വേണ്ടിയാണ് ഈ ലേഖനം. വിദ്യാഭ്യാസ രംഗത്ത് ഏഷ്യന്‍ രാജ്യങ്ങളെക്കാള്‍ പുരോഗമനപരമായ സമീപനങ്ങള്‍ കൈക്കൊള്ളുന്നവരാണ് പൊതുവേ യുറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും. എന്നാല്‍ സൗജന്യ വിദ്യാഭ്യാസം എന്ന മഹത്തായ ആശയം ധീരമായി നടപ്പാക്കിയ ഖാന്‍ അക്കാദമി എന്ന വെബ്‌സൈറ്റ് ഒരു ഏഷ്യക്കാരന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഫലം ആണെന്ന് എത്ര പേര്‍ക്ക് അറിയാം? സല്‍മാന്‍ ഖാന്‍ എന്ന ആ പാതി ഇന്ത്യക്കാരനെ കുറിച്ചും അയാളുടെ ഖാന്‍ അക്കാദമി എന്ന മഹത്തായ സംരംഭത്തെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടതെല്ലാം ഇനി വായിക്കാം.
എന്താണ് ഖാന്‍ അക്കാദമി?
ഖാന്‍ അക്കാദമി എന്നത് ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം എല്ലാ മനുഷ്യര്‍ക്കും സൗജന്യമായി ലഭ്യമാക്കുന്നതിനായി ലാഭേഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനമാണ്. പാക്കിസ്താന്‍കാരനായ സല്‍മാന്‍ ഖാന്‍ എന്ന വ്യക്തി 2006 ലാണ് ഈ മുന്നേറ്റത്തിന് രൂപം നല്‍കുന്നത്. ഗണിതശാസ്ത്രം, ചരിത്രം, ആരോഗ്യം, ധനകാര്യം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, അസ്ട്രോണമി, ഇക്കണോമിക്സ്‌, കോസ്മോളജി, കമ്പ്യൂട്ടര്‍ സയന്‍സ് എന്നിങ്ങനെ വിവിധ വിഷയങ്ങളിലായി നാലായിരത്തോളം ചെറു വീഡിയോകളും ഒരു ലക്ഷത്തോളം മാതൃകാചോദ്യങ്ങളും അടങ്ങുന്ന അതിവിപുലമായ വിജ്ഞാനശേഖരം ആണ് ഖാന്‍ അക്കാദമി നമുക്ക് മുന്നില്‍ തുറന്നുതരുന്നത്.

ആരാണ് സല്‍മാന്‍ ഖാന്‍?
ജനിച്ചതും വളര്‍ന്നതും എല്ലാം അമേരിക്കയില്‍. അമ്മ കല്‍ക്കട്ടക്കാരി. അച്ഛന്‍ ബംഗ്ലാദേശുകാരന്‍. ലോക പ്രശസ്തമായ മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും മാത്തമാറ്റിക്സ്, ഇലക്ട്രിക്കല്‍ എന്ജിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ BS(ബാച്ചിലര്‍ ഓഫ് സയന്‍സ്) ബിരുദം. മാത്തമാറ്റിക്സില്‍ ബിരുദാനന്തര ബിരുദം. ഹാവാര്‍ഡ്‌ ബിസിനസ് സ്കൂളില്‍ നിന്നും എം.ബി.എ. ആള് ചില്ലറക്കാരനല്ല എന്ന് ചുരുക്കം.

sal khan
2003ലാണ് സല്‍മാന്‍ ഖാന്റെ ജീവിതം തന്നെ മാറ്റി മറിച്ച ആ സംഭവം നടകുന്നത്. നാദിയ എന്ന തന്റെ കസിനെ ഇന്റര്‍നെറ്റ് വഴി സല്‍മാന്‍ കണക്കു പഠിപ്പിക്കാന്‍ തുടങ്ങി. യാഹൂവിന്റെ ഡൂഡില്‍ നോട്ട്പാഡ് ഉപയോഗിച്ചായിരുന്നു സല്‍മാന്‍ ഇത് ചെയ്തത്. ഇതിനെക്കുറിച്ച്‌ അറിഞ്ഞ മറ്റു ചില കുട്ടികളും സല്‍മാനോട്‌ ഇതേ കാര്യം ആവശ്യപെട്ടു. അങ്ങനെയാണെങ്കില്‍ കൂടുതല്‍ ഫലപ്രദമായി ഇത് ഉപയോഗിക്കാന്‍ എന്തുകൊണ്ട് യൂട്യൂബ് ഉപയോഗപ്പെടുത്തിക്കൂടാ എന്ന് സല്‍മാന്‍ ചിന്തിച്ചു. അങ്ങനെ 2006 നവംബര്‍ 16ന് ഖാന്‍ അക്കാദമി എന്ന യൂട്യൂബ് ചാനല്‍ നിലവില്‍ വന്നു.
തന്റെ വീഡിയോകള്‍ക്ക് ചുരുങ്ങിയ കാലത്തിനുള്ളില്‍ ലഭിച്ച ജനപ്രീതിയും അഭിനന്ദനങ്ങളും അതുവരെ അണിഞ്ഞിരുന്ന സാമ്പത്തിക ഉപദേഷ്ടാവിന്റെ കുപ്പായം അഴിച്ചു വെക്കാന്‍ സല്‍മാന്‍ ഖാനെ പ്രേരിപ്പിച്ചു. തന്റെ സുഹൃത്തായ ജോഷ്‌ ജെഫ്നറുമൊത്ത് സല്‍മാന്‍ ഖാന്‍ അങ്ങനെ മുഴുവന്‍ സമയം ഖാന്‍ അക്കാദമിക്ക് വേണ്ടി ചിലവഴിക്കാന്‍ തുടങ്ങി.പിന്നെ സല്‍മാന്‍ ഖാന്റെയും ഖാന്‍ അക്കാദമിയുടെയും വളര്‍ച്ച അതി വേഗം ആയിരുന്നു. 2012ല്‍ ടൈം മാഗസിന്‍ പുറത്തിറക്കിയ കഴിഞ്ഞ നൂറ്റാണ്ടിനെ ഏറ്റവുമധികം സ്വാധീനിച്ച 100 പേരുടെ പട്ടികയില്‍ ഈ ചെറുപ്പക്കാരനും ഉണ്ടായിരുന്നു.

എങ്ങനെയാണ് ഖാന്‍ അക്കാദമിയുടെ സേവനങ്ങള്‍ ലഭ്യമാവുക?
വിവിധ വിഷയങ്ങിലുള്ള ചെറു വീഡിയോകള്‍ ആദ്യം പുറത്ത് വിട്ടിരുന്നത് യൂട്യൂബ് വഴി ആയിരുന്നു. എന്നാല്‍ ഇന്ന് www.khanacademy.org എന്ന വെബ്‌സൈറ്റിലൂടെ ഈ സേവനങ്ങള്‍ എല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തിയിരിക്കുന്നു. സ്വന്തം ഇ-മെയില്‍ ഐ.ഡി. ഉപയോഗിച്ച് ആര്‍ക്കും ഖാന്‍ അക്കാദമിയില്‍ അംഗത്വം എടുക്കാം. ഫെയ്സ്ബുക്ക് ഉപയോഗിച്ചും ഇത് ചെയ്യാവുന്നതാണ്. വളരെ മനോഹരമായി ക്രമീകരിച്ചിരിക്കുന്ന ഡാഷ്ബോര്‍ഡില്‍ നിന്നും നമ്മുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുവാനും പുതിയ വിഷയങ്ങളെ പറ്റി അറിയുവാനും എളുപ്പത്തില്‍ സാധിക്കും.

ആര്‍ക്കാണ് ഈ സേവനം പ്രയോജനപ്പെടുത്താനാവുക?
കുട്ടികള്‍ക്ക് ഖാന്‍ അക്കാദമി ഒരു ട്യൂഷന്‍ ടീച്ചറിനെപ്പോലെയാണ്. സ്കൂളില്‍ പഠിക്കുന്നതും ഒരുപക്ഷെ അതിനപ്പുറവും അറിയാന്‍, ശരിയായ രീതിയില്‍ മനസിലാക്കുവാന്‍ ഖാന്‍ അക്കാദമി കുട്ടികളെ സഹായിക്കുന്നു. ഖാന്‍ അക്കാദമി ഉപയോഗിക്കുന്ന അധ്യാപകരുടെ എന്നാവും വളരെ അധികമാണ്. ചില സ്ഥലങ്ങളില്‍ ഒരു അധ്യാപനരീതിയായി തന്നെ ഖാന്‍ അക്കാദമി വീഡിയോകളെ ഉപയോഗപ്പെടുത്തുന്നു എന്നത് ഖാന്‍ അക്കാദമിയുടെ സ്വീകാര്യത ആണ് വ്യക്തമാക്കുന്നത്.
പഠനത്തിനു ഒരിക്കലും പ്രായപരിധിയില്ല. അത് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. എന്നാല്‍ നമ്മുടെ നാട്ടിലെ സ്ഥിതിയില്‍ ഇത് എത്രത്തോളം ശരിയാണ് എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. ജോലി സംബന്ധമായോ അല്ലെങ്കില്‍ നാം അഭിമുഖീകരിക്കേണ്ട പ്രശ്നങ്ങളെ പറ്റിയോ നാം കൂടുതല്‍ കാര്യങ്ങള്‍ അറിയുവാന്‍ ശ്രമിക്കുന്നുണ്ടാവം. എന്നാല്‍ ഒരു മേഖലയില്‍ ജോലി ചെയ്യുന്നവര്‍ മറ്റൊരു മേഖലയില്‍ സംഭവിക്കുന്ന കാര്യങ്ങളെ പറ്റി അറിയുവാന്‍ ഒട്ടും താല്പര്യം കാണിക്കാറില്ല എന്നതാണ് സത്യം. അതിനുള്ള അവസരങ്ങളും നമുക്ക് കുറവാണ്. എന്നാല്‍ ഖാന്‍ അക്കാദമിയിലൂടെ ഏതു പ്രായക്കാര്‍ക്കും ഏതു പുതിയ വിഷയവും അനായാസമായി പഠിച്ചുതുടങ്ങാം.

khn
ഖാന്‍ അക്കാദമി ഒരു വലിയ മാറ്റത്തിന്റെ തുടക്കമായിരുന്നു. ഒരു ചെറുപ്പക്കാരന്‍ അയാളുടെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് പരമ്പരാഗതമായ വിദ്യാഭ്യാസ രീതികളെ തച്ചുടച്ച് പുതിയൊരു അധ്യയന രീതി മുന്നോട്ടുവെച്ചു. ലോകമൊന്നടങ്കം അത് ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. ഇനി മുന്നോട്ടു വരേണ്ടത് നമ്മളാണ്. ഒരു പുതിയ ഭാഷ പഠിക്കുന്നത് തലച്ചോറിനെ ഏറെ സഹായിക്കും എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. അതുപോലെ തന്നെയാണ് ഒരു പുതിയ വിഷയം പഠിക്കുന്നതും. എന്നും ഒരേ കാര്യം തന്നെ ചെയ്തു നമ്മുടെ തലച്ചോറിനെ മുരടിക്കാന്‍ വിടാതെ എന്തെങ്കിലും പുതിയ കാര്യം നമുക്കും പഠിച്ചു തുടങ്ങാം. പലപ്പോഴും ക്ലാസ്റൂമും അധ്യാപകരും ആണ് പലര്‍ക്കും ചില വിഷയങ്ങളോട് എതിര്‍പ്പും ഇഷ്ടക്കേടും ഉണ്ടാവാന്‍ കാരണം. എന്നാല്‍ ഖാന്‍ അക്കാദമി ഒരിക്കലും നിങ്ങളെ വെറുപ്പിക്കുകയില്ല.പണ്ട് വെറുത്ത കണക്കിനെ നമ്മുക്ക് ഒന്ന് പ്രണയിച്ചു തുടങ്ങാം. കീറാമുട്ടിയായി കണ്ട ഫിസിക്സ് ഇത്ര രസകരം ആയിരുന്നോ എന്നോര്‍ത്ത് അമ്പരക്കാം. അതെ, നമുക്ക് വീണ്ടും പഠിച്ചുതുടങ്ങാം. പരീക്ഷ പാസാവാന്‍ വേണ്ടിയല്ല, പഠനം രസമുള്ള ഒരു ഏര്‍പ്പാടാണ് എന്ന് സ്വയം ബോധ്യപ്പെടാന്‍ നമ്മുക്ക് വീണ്ടും പഠിച്ചു തുടങ്ങാം.

No comments:

Post a Comment