Showing posts with label Munich Air Disaster. Show all posts
Showing posts with label Munich Air Disaster. Show all posts

Thursday, 6 February 2014

മാഞ്ചസ്റ്ററിന്റെ രക്തപുഷ്പങ്ങള്‍: ഒരോര്‍മ്മ

MU
ഫുട്ബോള്‍ പ്രേമികള്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ദിവസമാണ് 1958 ഫെബ്രുവരി 6. ഫുട്ബോളിന്റെ ചരിത്രത്തിലെ കറുത്ത ദിനം. വെസ്റ്റ് ജെര്‍മനിയിലെ മ്യൂണിക്കില്‍ നിന്നും പറന്നുയര്‍ന്ന ബ്രിട്ടീഷ്‌ യൂറോപ്യന്‍ എയര്‍വെയ്സിന്റെ 609-ആം നമ്പര്‍ വിമാനം തകര്‍ന്ന് 8 മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങളും 3 ഒഫീഷ്യലുകളും അടക്കം 23 പേര്‍ മരിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്ബോള്‍ ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നായിരുന്നു 'Bushy Babes' എന്നറിയപ്പെട്ടിരുന്ന ആ ടീം. ആ വര്ഷം ഇംഗ്ലീഷ് ലീഗ് കിരീടം നേടാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ടീം ആയിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. അതിനു മുന്‍പുള്ള രണ്ടു വര്‍ഷങ്ങളിലും കിരീടം നേടിയ അവര്‍ തുടര്‍ച്ചയായി 3 കിരീടം എന്ന റെക്കോര്‍ഡ്‌ നേടും എന്ന് ഫുട്ബാള്‍ ലോകം ഒന്നാകെ ഉറച്ചു വിശ്വസിച്ചിരുന്ന സമയത്താണ് അതിദാരുണമായ ഈ ദുരന്തം അവരെ തേടി എത്തുന്നത്.
ManUtd
മ്യൂണിക്ക് ദുരന്തത്തില്‍ നിന്നും രക്ഷപെട്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങളില്‍ ഇന്ന് ജീവിച്ചിരിക്കുന്നത്‌ ഒരാള്‍ മാത്രം. ബോബി ചാള്‍ട്ടന്‍. 1984ല്‍ അദ്ദേഹം ക്ലബ്ബിന്റെ ഡയറക്ടര്‍ ആയി. ഇന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഡയറക്ടര്‍ ബോബി ചാള്‍ട്ടന്‍ തന്നെ. യുവപ്രതിഭകളുടെ ഒരു മികച്ച കൂട്ടം തന്നെയായിരുന്നു 'Bushy Babes'. എന്നാല്‍ അവര്‍ക്ക് തങ്ങളുടെ പ്രതിഭയുടെ ഉയരം താണ്ടാന്‍ ആയുസുണ്ടായില്ല എന്നത് വിഷമകരമായ സത്യമാണ്. ഒരുപക്ഷെ ആ ദുരന്തം സംഭവിച്ചില്ലായിരുന്നെങ്കില്‍ ഒട്ടനേകം റിക്കാര്‍ഡുകള്‍ കടപുഴകിയേനെ. ഒരുപാട് സുന്ദര മുഹൂര്‍ത്തങ്ങള്‍ ഫുട്ബോള്‍ ലോകത്തിനു ലഭിച്ചേനെ. പ്രതിഭയുടെ കൊടുമുടിയില്‍ നിന്നപ്പോള്‍ അവര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. എന്നാല്‍,  മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആരാധകരുടെ മനസ്സില്‍, കാല്‍പന്തുകളിയെ സ്നേഹിക്കുന്ന എല്ലാവരുടെയും മനസ്സില്‍ അവര്‍ ഇന്നും ജീവിക്കുന്നു. എന്നും അവര്‍ അവിടെ ഉണ്ടാവുകയും ചെയ്യും.