Tuesday 4 February 2014

‘സെക്കന്റ്‌ ഷോ’യ്ക്ക് രണ്ട് വയസ്: ലാലുവിനും.

01
കൃത്യം രണ്ടു കൊല്ലങ്ങള്‍ക്ക് മുന്‍പ്, 2012 ഫെബ്രുവരി 2 ന് മലയാള സിനിമയിലേയ്ക്ക് ഒരു നടന്‍ കാലെടുത്തു വച്ചു. ദുല്‍ക്കര്‍ സല്‍മാന്‍. ശ്രീനാഥ് രാജേന്ദ്രന്‍ എന്ന പുതുമുഖ സംവിധായകന്‍ ഒരുക്കിയ ‘സെക്കന്റ്‌ ഷോ’ എന്ന ചിത്രത്തിലൂടെ മമ്മൂക്കയുടെ മകനും അങ്ങനെ അവസാനം സിനിമ ലോകത്ത് തന്നെ എത്തി. മമ്മൂട്ടിയുടെ ബന്ധങ്ങളും പരിചയവും വെച്ചാണ്‌ ദുല്‍ക്കര്‍ സിനിമയില്‍ വന്നത് എന്ന് പറഞ്ഞവരെ ഒക്കെ അമ്പരപ്പിച്ചു കൊണ്ടായിരുന്നു പിന്നെ ദുല്‍ക്കരിന്റെ വളര്‍ച്ച. ആദ്യ വര്ഷം തന്നെ മൂന്ന് ചിത്രങ്ങള്‍. സെക്കന്റ്‌ ഷോ, ഉസ്താദ് ഹോട്ടല്‍,തീവ്രം. ഉസ്താദ്‌ ഹോട്ടല്‍ കൊണ്ട് ഒരു താരം ആയി വളര്‍ന്നു ദുല്‍ക്കര്‍ സല്‍മാന്‍. തീവ്രം ദുല്‍ക്കരിന്റെ ജീവിതത്തിലെ വളരെ നല്ല ഒരു ചിത്രം തന്നെയായിരുന്നു.
02
2013 ല്‍ എണ്ണം പറഞ്ഞ 4 ചിത്രങ്ങള്‍.മാര്‍ടിന്‍ പ്രക്കാട്ടിന്റെ ABCD, നിരൂപക ശ്രദ്ധ നേടിയ അഞ്ചു സുന്ദരികളിലെ ‘കുള്ളന്റെ ഭാര്യ’, സമീര്‍ താഹിര്‍ ഒരുക്കിയ മലയാളത്തിലെ ആദ്യ റോഡ്‌ മൂവി ‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’, പിന്നെ അഴകപ്പന്‍ ആദ്യമായി സംവിധാനം ചെയ്ത ‘പട്ടം പോലെ’. 2014 ല്‍ സലാല മോബൈല്‍സുമായി വീണ്ടും ദുല്‍ക്കര്‍ എത്തിക്കഴിഞ്ഞു.  മമ്മൂട്ടി എന്ന അതുല്യ നടന്റെ മകന്‍ എന്ന ലേബലില്‍ നിന്നും മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ എന്ന നിലയിലേയ്ക്ക് കഴിഞ്ഞ 2 വര്‍ഷങ്ങള്‍ കൊണ്ട് വളര്‍ന്നു കഴിഞ്ഞു എന്ന് നിസംശയം പറയാം. വരും കാലങ്ങളില്‍ ഇനിയും നല്ല ഒരുപാട് ചിത്രങ്ങള്‍ ‘കുഞ്ഞിക്ക’യില്‍ നിന്നും ഉണ്ടാവട്ടെ.
03
സെക്കന്റ്‌ ഷോ മലയാളത്തിനു സമ്മാനിച്ചത്‌ ദുല്‍ക്കര്‍ സല്‍മാനെ മാത്രമല്ല. സംവിധായകന്‍ ശ്രീനാഥ് പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്. മോഹന്‍ലാല്‍ വ്യത്യസ്തമായ വേഷത്തില്‍ എത്തുന്ന, പേര് കൊണ്ട് തന്നെ ചര്‍ച്ചയായി തീര്‍ന്ന, ‘കൂതറ’ ആണ് ശ്രീനാഥിന്റെ അടുത്ത ചിത്രം. കുരുടിയായി മലയാളികളുടെ മനസ് കീഴടക്കിയ സണ്ണി വെയിന്‍, ചെറിയ കാലം കൊണ്ട് തന്നെ മുന്‍നിര നായികമാരുടെ നിരയിലെയ്ക്കുയര്‍ന്ന ഗൌതമി നായര്‍ എന്നിവരും ഈ ചിത്രം നമ്മുക്ക് നല്‍കിയതാണ്. സെക്കന്റ്‌ ഷോ രണ്ടാം പിറന്നാള്‍ കൊണ്ടാടുമ്പോള്‍, ദുല്‍ക്കറും സണ്ണിയും ഗൗതമിയും ശ്രീനാഥും മലയാള സിനിമയില്‍ തങ്ങളുടേതായ സ്ഥാനം കണ്ടെത്തിക്കഴിഞ്ഞു. വീണ്ടും കാണാന്‍ കൊതിക്കുന്ന ചിത്രമായി സെക്കന്റ്‌ ഷോ മലയാളി മനസുകളിലും.

No comments:

Post a Comment