Thursday 26 March 2015

ഇതാ ഒരു 'ആള്‍മാറാട്ടക്കാരന്‍' തവള

Picture Credit : Zoological Journal of the Linnean Society

'എക്സ്-മെന്‍' എന്ന ഹോളിവുഡ് ചിത്രത്തിലെ റേവനെ ഓര്‍മയില്ലേ? ആരുടെ രൂപവും സ്വീകരിക്കാവുന്ന, പ്രൊഫസര്‍ എക്സിന്റെ കളിക്കൂട്ടുകാരിയായ, റേവന്‍. റേവനെപ്പോലെ രൂപം മാറാന്‍ കഴിയുന്ന ഒരാളെ ഈയിടെ ശാസ്ത്രഞ്ജന്മാര്‍ കണ്ടെത്തിക്കഴിഞ്ഞു. അതെ, സിനിമകളില്‍ മാത്രം കണ്ടിരുന്ന മ്യൂട്ടന്റുകള്‍ ഇനി യഥാര്‍ത്ഥ ലോകത്തിലും. പറഞ്ഞു വരുന്നതു ഒരു തവളയെക്കുറിച്ചാണ്. ശരീരത്തിലെ പുറം തൊലിയില്‍ സ്വയം വ്യത്യാസങ്ങള്‍ വരുത്താന്‍ കഴിവുള്ള ഈ തവളയുടെ പേര് 'പങ്ക് റോക്കര്‍'(punk rocker). ശാസ്ത്രീയ നാമം പ്രിസ്ടിമാന്റിസ് മ്യൂട്ടബിലിസ്(Pristimantis Mutabilis). സ്വദേശം സൗത്ത് അമേരിക്കന്‍ രാഷ്ട്രമായ ഇക്വഡോര്‍.

Picture Credit : Zoological Journal of the Linnean Society

വെറും അഞ്ചു മിനിറ്റ് മാത്രം മതി ഈ വിദ്വാന് സംഗതി പൂര്‍ത്തിയാക്കാന്‍. ശത്രുക്കളുടെ കണ്ണില്‍ പെടാതെ എളുപ്പത്തില്‍ മറഞ്ഞിരിക്കാന്‍ വേണ്ടിയാവും ഈ ആള്‍മാറാട്ടം എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഇത് പരീക്ഷിച്ചു ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു.  പ്രിസ്ടിമാന്റിസ് വിഭാഗത്തിലെ മറ്റു ചില തവളകളിലും ഇതേ പ്രത്യേകത കണ്ടെത്തിയിട്ടുണ്ട്. ആകെ 470ഓളം ഇനങ്ങള്‍ ഉള്ള ഈ വിഭാഗത്തില്‍, ഗവേഷകര്‍ക്ക്‌ തലവേദന നല്‍കുന്നതാണ് ഈ പുതിയ കണ്ടെത്തല്‍. ഇതുപോലെ എല്ലാവര്ക്കും ആള്മാരട്ടം നടത്താന്‍ കഴിവുണ്ടെങ്കില്‍ ഒരേ ഇനം തവളകളെ തന്നെ 2 തവണ രണ്ടു ഇനമായി കരുതി രേഖപെടുത്തിയിട്ടുണ്ടാവും എന്നാണ് ഇവര്‍ കരുതുന്നത്. എന്തൊക്കെയായാലും തവളകളിലെ മ്യൂട്ടന്റ്റ് ഇന്ന് ആളൊരു താരമാണ്. പരിണാമഫലമായി ക്രമേണ ഒരു ദിവസം മനുഷ്യനും ഇതുപോലെ ആള്‍മാറാട്ടം നടത്താനുള്ള കഴിവ് വന്നുചേരുമോ? കാത്തിരിക്കാം. 

Tuesday 24 March 2015

എല്ലാം ജൂപ്പിറ്ററിന്റെ കുസൃതിത്തരങ്ങള്‍!!!


മനുഷ്യന്‍ സാങ്കേതികവിദ്യയുടെ പിന്ബലത്താല്‍ ബഹിരാകാശത്ത് എത്തുന്നതിനും ചന്ദ്രനില്‍ കാല്‍കുത്തുന്നതിനും പ്രപഞ്ചത്തിന്റെ അതിരുകള്‍ തേടി യന്ത്രങ്ങളെ അയക്കുന്നതിനും ഒക്കെ മുന്‍പേ ഭൂമിയിലേതുപോലെ ജീവന്‍ നിലനില്‍ക്കുന്ന മറ്റേതെങ്കിലും ഗ്രഹം ഉണ്ടാവുമോ എന്നതിനെപ്പറ്റി ചിന്തിച്ചിരുന്നു. എന്നെങ്കിലും അന്യഗ്രഹജീവികളുമായി ഒരു ബഹിരാകാശപേടകം ഭൂമിയിലേയ്ക്ക് കടന്നു വരും എന്ന് ഇപ്പോഴും വിശ്വസിക്കുന്നവരുണ്ട്. ഈ വിശ്വാസങ്ങളുടെയും ഭാവനകളുടെയും സ്വാധീനം കഥകളിലും ചലച്ചിത്രങ്ങളിലും എല്ലാം പ്രകടവുമായിരുന്നു. എന്നാല്‍, വെറുതെ ഒരു കൌതുകത്തിനു വേണ്ടി, അല്ലെങ്കില്‍ നമ്മുടെ നിലനില്‍പ്പിനു ഭീഷണിയായി വേറെ ആരും ഉണ്ടാവില്ലെന്ന് ഉറപ്പു വരുത്താന്‍ വേണ്ടി, എന്നതിലൊക്കെ അപ്പുറത്തേയ്ക്ക് വളര്‍ന്നുകഴിഞ്ഞു ഈ അന്വേഷണങ്ങളുടെ സാദ്ധ്യതയും പ്രസക്തിയും.
അനുദിനം വര്‍ദ്ധിച്ചുവരുന്ന വരുന്ന ജനസംഖ്യയും ശോഷിച്ചുവരുന്ന വിഭവങ്ങളും മനുഷ്യര്‍ക്ക്‌ വാസയോഗ്യമായ ഒരു പുതിയ ഗ്രഹം കണ്ടെത്തുക എന്ന പുതിയ ലക്ഷ്യവും മാനവും ഈ അന്വേഷണങ്ങള്‍ക്ക് കൊടുത്തുകഴിഞ്ഞു. അങ്ങനെയാണ് സൂര്യന് സമാനമായ മറ്റു നക്ഷത്രങ്ങള്‍ക്ക് ചുറ്റും നിലനില്‍ക്കുന്ന ഗ്രഹസമൂഹങ്ങളില്‍ ഭൂമിക്കു സമാനമായവയെ കണ്ടെത്തുവാനുള്ള ദൌത്യങ്ങള്‍ ആരംഭിച്ചത്. നാസയുടെ പ്രശസ്തമായ കെപ്ലര്‍ ദൌത്യം ഇതുവരെ ആയിരത്തോളം ഗ്രഹങ്ങളെ കണ്ടെത്തുവാന്‍ സഹായിച്ചിട്ടുണ്ട്. എന്നാല്‍ അവ ഉള്‍ക്കൊള്ളുന്ന സൗരയൂധങ്ങള്‍ ഒന്നും തന്നെ നമ്മുടേതിനോട് സമാനമല്ല. അവയില്‍ നല്ലൊരു ശതമാനത്തിലും, അവയുടെ സൂര്യനോട് ചേര്‍ന്ന്, 'സൂപ്പര്‍ എര്‍ത്ത്' - ഭൂമിയെക്കാള്‍ വലുപ്പമുള്ളതും വ്യാഴത്തെക്കള്‍ വലിപ്പം കുറഞ്ഞതും ആയ ഗ്രഹങ്ങള്‍- ഗ്രഹങ്ങളുടെ സാന്നിദ്ധ്യം ഉണ്ട്. എന്നാല്‍ നമ്മുടെ സൗരയൂഥത്തിലെ സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹങ്ങള്‍ ഭൂമിയെക്കാള്‍ ഏറെ ചെറുതാണ് വലിപ്പത്തിന്റെ കാര്യത്തില്‍. എന്താണ് ഇതിനു പിന്നിലെ രഹസ്യം എന്നത് വളരെക്കാലങ്ങളായി ശാസ്ത്രലോകത്തെ കുഴക്കിയിരുന്ന ചോദ്യമായിരുന്നു. ഇപ്പോളിതാ ഈ കീറാമുട്ടി ചോദ്യത്തിനു ഉത്തരവുമായി എത്തിയിരിക്കുകയാണ് രണ്ടു ശാസ്ത്രഞ്ജന്മാര്‍.



ഇവരുടെ സിദ്ധാന്തം അനുസരിച്ച് അനേകവര്‍ഷങ്ങള്‍ക്കുമുന്‍പ് നമ്മുടെ സൂര്യനെ ചുറ്റിയും ഇതുപോലെയുള്ള സൂപ്പര്‍ എര്‍ത്ത് ഗ്രഹങ്ങള്‍ ഭ്രമണം ചെയ്തിരുന്നു. സൗരയൂഥത്തിലെ ഭീമനായ വ്യാഴത്തിനു ഇടയ്ക്കിടെ നിയമങ്ങള്‍ തെറ്റിച്ചു ഒരു കടന്നു കയറ്റം ഉണ്ടായിരുന്നു സൂര്യന്റെ അടുത്തേയ്ക്ക്. അങ്ങനെയുള്ള ഒരു വരവില്‍, വ്യാഴം സൂര്യനോട് ഏറെ അടുത്ത് വന്നപ്പോള്‍, സൂര്യന് ചുറ്റും ഉണ്ടായിരുന്ന, പിന്നീടു സൂപ്പര്‍ എര്‍ത്ത് ഗ്രഹങ്ങള്‍ ആയി മാറുമായിരുന്ന, ഗ്രഹങ്ങളുടെ സഞ്ചാരഗതികളില്‍ വലിയ മാറ്റം ഉണ്ടാവുകയും, തല്‍ഫലമായി അവ തമ്മില്‍ കൂട്ടിയിടികള്‍ ഉണ്ടാവുകയും ചെയ്തു. ചിതറിയ കഷ്ണങ്ങള്‍ വീണ്ടും മറ്റു ഗ്രഹങ്ങളുമായി കൂട്ടിയിടിച്ചു ഒരു ചെയിന്‍ റിയാക്ഷന്‍ തന്നെ നമ്മുടെ സൌരയൂഥത്തില്‍ അരങ്ങേറി. ശനിയുടെ ഉത്ഭവ സമയത്ത് ഉണ്ടായ ഗുരുത്വാകര്‍ഷണബലം വ്യാഴത്തെ തിരികെ പഴയ സ്ഥാനത്തേയ്ക്ക് വലിച്ചുനീകി എന്നാണ് ഇവരുടെ അനുമാനം, അങ്ങനെ ആ വന്‍ കൂട്ടിയിടിയില്‍ ഉണ്ടായ അവശിഷ്ടങ്ങളില്‍ പലതും സൂര്യന്റെ ഗുരുത്വാകര്‍ഷണ വലയത്തില്‍ പെട്ട് വലിച്ചടുപ്പിക്കപ്പെട്ടു. ബാകി വന്ന ചിന്നഗ്രഹങ്ങള്‍ ആണ് ഇന്ന് നമ്മുടെ ഗ്രഹങ്ങളുടെ പട്ടികയിലെ ആദ്യ സ്ഥാനീയര്‍.



ഭൂമിക്ക് പകരം ഭൂമിയുടെ അതെ സവിശേഷതകള്‍ ഉള്ള ഒരു ഗ്രഹം അന്വേഷിക്കുന്നവര്‍ക്ക് ഒരു വലിയ തിരിച്ചടിയാവും ഈ വാര്‍ത്ത. തങ്ങളുടെ കണ്ടെത്തല്‍ സൂചിപ്പിക്കുന്നത് ഭൂമിയെപ്പോലെ ഒരു ഗ്രഹം കണ്ടെത്താനുള്ള സാധ്യത വളരെ കുറവാണെന്നാണ് ഈ കണ്ടെത്തല്‍ നടത്തിയ ഗ്രിഗറി ലാഫ്ലിനും കോണ്‍സ്റാന്ടയിന്‍ ബാറ്റിജിനും പറയുന്നത്. എന്നാല്‍, ഒന്നോര്‍ക്കുക. ഇതു ശാസ്ത്രതത്വത്തിന്റെയും നിലനില്‍പ്പ്‌ അതിനു എതിരായി ഒരു വാദമെങ്കിലും തെളിയിക്കപ്പെടുന്നതുവരെ മാത്രമാണ്. ഈ കണ്ടെത്തലും ചിലപ്പോള്‍ തെറ്റാണെന്ന് തെളിയിക്കപ്പെട്ടേക്കാം. എന്നാല്‍, ഇപ്പോള്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്, സൗരയൂഥത്തിലെ മൂത്ത ചേട്ടന്‍ ആയ വ്യാഴത്തിന്റെ ചില ബാല്യകാല കുസൃതികള്‍ ആണ് നാം ജീവിക്കുവാന്‍ തക്കവിധം ഈ ഭൂമിയെ ക്രമീകരിച്ചതിനു പിന്നില്‍. വ്യാഴത്തിന് നന്ദി!